നീതു
നീതു........
എന്നും ട്രെയിനിലെ യാത്രക്കിടയിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ അത് ചിന്തിപ്പിക്കുന്നതോ അല്ലെങ്കിൽ വേദനിപ്പിക്കുന്നതോ ഒക്കെ ആകും.
ഇന്നലെ ജോലി കഴിഞ്ഞു തിരിച്ചു വന്നത് കേരള എക്സ്പ്രസ്സിൽ ആയിരുന്നു. സാധാരണയിൽ കവിഞ്ഞ തിരക്കാണ് പലപ്പോഴും അതിൽ ഉണ്ടാകാറുള്ളത്. ഇടിച്ചു കയറി സീറ്റ് കിട്ടിയാൽ ആയി. ഇല്ലെങ്കിൽ തൃശ്ശൂർ വരെ നിൽക്കേണ്ടി വരും. അങ്ങനെ ഒരു വിധത്തിൽ സീറ്റ് ഒപ്പിച്ചു.
അടുത്ത് മൂന്നു കുട്ടികൾ ഇരിന്നിരുന്നു. ഉസ്താദ് ആകാൻ വേണ്ടി പഠിക്കുന്നവരാണ്. എനിക്ക് വേണ്ടി നീങ്ങി ഇരുന്നു തന്നു. സ്വതസിദ്ധമായ രീതിയിൽ അവരെ നോക്കി ഒന്നു ചിരിച്ചു. 🥰അങ്ങന ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് സമാധാനിച്ചു ഇരിക്കുമ്പോൾ ആണ് ഒരു വലിയ ഹിന്ദിക്കാരുടെ കുടുംബം ഇടിച്ചു കയറി വരുന്നത്. 🧐അതിൽ ഒരു സ്ത്രീയുടെ കയ്യിൽ ഒരു കുട്ടിയുമുണ്ട്.
പൊതുവെ അങ്ങനെ ഉള്ളവർ കയറുമ്പോൾ ഇരിക്കാൻ തന്നെ ഒരു വിഷമം ആണ്. പാൻപരാഗ് പോലെ ഉള്ളവ ചവക്കുന്നു. ജനലിൽ കൂടി തുപ്പുന്നു. അങ്ങനെ പലതും കണ്ടും സഹിച്ചുമാണ് ജനറൽ കമ്പാർട്മെന്റിൽ ഇരിക്കാറ്. പിന്നെ ജീവതത്തിൽ പല കയ്പ്പേറിയ അനുഭവം ഉള്ളത് കൊണ്ടു ഇതൊന്നും വലിയ കാര്യമല്ല എന്ന് തോന്നി തുടങ്ങി.
അങ്ങനെ ഇരിക്കുമ്പോൾ നമ്മുടെ മൂന്നു ഉസ്താദ് കുട്ടികൾ എണീറ്റു അവർക്കു സീറ്റ് കൊടുത്തിരിക്കുന്നു. അവർ മുകളിൽ ബെർതിൽ കേറി ഇരിപ്പായി. ലേഡീസ് അല്ലെ? കുട്ടിയും ഉണ്ട് കയ്യിൽ. ❤️അവരോടു ഒരു മതിപ്പൊക്കെ തോന്നി. ഒപ്പം ഒമ്പത് മാസം വരെയുള്ള എന്റെ ഗർഭകാലവും ഓർത്തു പോയി. പലപ്പോഴും ksrtc ബസ്സിൽ കോളേജിൽക്ക് വരുമ്പോൾ കുട്ടികൾ പോലും എണീറ്റു സീറ്റ് തരാറില്ല. എന്നെ അറിയാത്തതു കൊണ്ടാകും എന്ന് സമാധാനിക്കും. ഇങ്ങനെ യുള്ള മര്യാദകൾ ഒക്കെ അന്യം നിന്നു പോയെന്നു തോന്നുന്നു. തിരിച്ചു ട്രെയിനിലും ഇത് തന്നെ അവസ്ഥ. പലപ്പോഴും എനിക്ക് വേണ്ടി ബാംഗ്ലൂർ എക്സ്പ്രസിൽ സീറ്റ് പിടിക്കാൻ തർക്കിച്ചിരുന്ന പ്രീനയെയും ധനലക്ഷ്മി ചേച്ചിയെയും ഓർത്തു. 😘😘
അങ്ങനെ ഇരിക്കുമ്പോൾ ആണ് കുട്ടിയെ മടിയിൽ ഇരുത്തിയ പെൺകുട്ടി എന്നോട് Thank you ചേച്ചി എന്ന്. ഒന്നു ചിരിച്ചു കൊടുത്തു. 3 വയസ്സുള്ള ആൺകുട്ടിയാണ്. നല്ല ഓമനത്തം ഉള്ള മുഖം. ലെയ്സ് കഴിക്കുന്നു. വീണ്ടും മുന്നിലുള്ള എന്റെ സുഹൃത്തുക്കളെ നോക്കി thank you chetta, thank you chechi.ഇതെന്താ ഈ പെൺകുട്ടിക്ക്? സാധാരണ കയറുന്ന ഹിന്ദിക്കാരെക്കാൾ കുറച്ചു കൂടി വൃത്തിയിൽ വർത്തമാനം പറയുന്നുണ്ട് ഇവർ. ഇംഗ്ലീഷും ഹിന്ദിയും കൂടി ചേർന്നാണ് പറയുന്നത്.
എങ്ങോട്ടാണെന്ന് ചോദിച്ചു. കോയമ്പത്തൂർക്കാണ്. അവിടെ നിന്നും മധ്യപ്രദേശിലേക്ക്. 3 ദിവസത്തെ യാത്രയുണ്ട്. സീറ്റ് കിട്ടിയതിൽ സന്തോഷം. വീണ്ടും പറഞ്ഞു thank you chechi.
ഇനി കുഞ്ഞിന് ചായ വേണമെന്നായി. ഈശ്വരാ, എന്റെ സാരി? 😔വൈകുന്നേരം വരെ മഴ പെയ്യല്ലെന്നു പ്രാർത്ഥിച്ചാണ് സെറ്റ് സാരി ഉടുത്തത്. കേരള പിറവി അല്ലെ? മനസ്സ് പറഞ്ഞു കൊണ്ടെ ഇരുന്നു. ഇത് സാരിയിൽ വീഴും. ഗ്ലാസ് കുട്ടി പിടിച്ചതും സാരിയിലേക്ക്. സന്തോഷമായി. മുന്നിൽ ഇരുന്ന സുഹൃത്തുക്കളുടെ ഉപദേശം. വെള്ളം കൊണ്ട് വേഗം കഴുകിക്കോ. ചായ അല്ലെ? കറ പിടിക്കും. ശെരി. വെള്ളം എടുത്തു ഒന്നു കഴുകി. ഇതെല്ലാം കണ്ട പെൺകുട്ടി പറഞ്ഞു sorry ചേച്ചി. സാരല്യ. കുട്ടിയല്ലേ? അതിനു അറിയോ ഇത് വല്ലതും.അവരുടെ കൂടെ ഉള്ള ഒരാൾ വന്നു കുഞ്ഞിനെ എടുത്തു കൊണ്ട് പോയി. കുറച്ചു കഴിഞ്ഞു ഞാൻ അവളോട് പേര് ചോദിച്ചു. നീതു.
കറുകുറ്റിയിൽ ഏതോ ഗ്ലാസ് കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. 3 കൊല്ലം മുൻപ് ഭർത്താവ് മരിച്ചു.BA പഠിക്കുമ്പോൾ ആണ് കല്യാണം കഴിപ്പിച്ചത്. പെൺകുട്ടിയുടെ അച്ചനും അമ്മയും മരിച്ചു പോയി. കൂടെ ഉള്ളത് ഭർത്താവിന്റെ അച്ഛനും അമ്മയും സഹോദരനും ആണ്. All expired. 😔ഇതാണ് പെൺകുട്ടി പറയുന്നത്. ഭർത്താവിന് കിഡ്നിക്ക് എന്തോ അസുഖം വന്നു എന്ന് മാത്രം അവൾക്കു അറിയാം. മുന്നിൽ ഇരുന്നവർക്ക് മനസ്സിലാകാൻ സിന്ദൂരം ഇല്ല എന്ന് ആഗ്യഭാഷ കാണിച്ചു. കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാത്ത സങ്കടം തോന്നി. അച്ഛനെ കണ്ടിട്ട് പോലും ഇല്ല അവൻ. ഡൽഹി ക്കാണോ എന്ന് ഞങ്ങളോട് അവൾ ചോദിച്ചു. അല്ല. അടുത്ത സ്റ്റേഷനിൽ ഇറങ്ങും. സ്ഥിര യാത്രക്കാരാണ്. എന്താ ചേച്ചിടെ ജോലി? ഞാൻ പറഞ്ഞു ,ടീച്ചർ ആണ് എന്ന്. കോളേജ് ആണൊ? അതെ. അവൾക്കു ഭയങ്കര സന്തോഷം.
അവൾക്കു തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ അവൾ പറഞ്ഞു, sasural family. ഭർത്താവിന്റെ വീട്ടിൽ ആണ് ഇപ്പോഴും. അതുകൊണ്ട് പറ്റില്ല. അവളുടെ ദൈന്യത നിറഞ്ഞ മുഖം നോക്കിയപ്പോൾ ഒന്നുo പറയാൻ തോന്നിയില്ല. എല്ലാ സുഖസൗകര്യങ്ങളോടും കൂടെ വന്നിട്ടും പഠിക്കാതെ ഉഴപ്പുന്ന എന്റെ വിദ്യാർത്ഥികളെ കുറിച്ച് ഒന്നു ഓർത്തുപോയി. 😔😔അങ്ങനെ തൃശൂർ എത്തിയപ്പോൾ ഞാൻ പറഞ്ഞു. ഞങ്ങൾ ഇറങ്ങാൻ പോവാണ്. പറ്റിയാൽ പഠിപ്പു പൂർത്തിയാക്കണം .വീണ്ടും അവൾ പറഞ്ഞു thank you ചേച്ചി. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലന്ന് അവൾക്കറിയാം. വീണ്ടും ഒരു കല്യാണം കഴിപ്പിക്കാൻ ആണ് കൊണ്ട് പോകുന്നതെന്നും.😔😔😔
Comments
Post a Comment