കൊറോണ എന്ന സത്യം
കൊറോണ എന്ന സത്യം
വരും
വരാതിരിക്കില്ല, ആര് ? എപ്പോ ? എന്തിനാ ? എന്തെങ്കിലും കാരണം നമ്മൾ ഉണ്ടാക്കി കാണും
. ആരാന്നല്ലേ ???
രണ്ടു വർഷ കാലമായി നാം എന്നും എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഒരേയൊരു പേരാണ് കൊറോണ .റേഡിയോയിലും ടിവിയിലും നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലും ഗവൺമെന്റിന്റെസുരക്ഷാ മാനദണ്ഡങ്ങൾ കേട്ടു ചിലപ്പോഴെങ്കിലും നാം അലോൽസരപ്പെടാറില്ലേ?ഉണ്ട്. അത്യാവശ്യമായി ആരെയെങ്കിലും വിളിക്കാൻ ഫോൺ എടുക്കുമ്പോൾ ആകും ഡയല് ടോൺ ആയും കോളർ ടോൺ ആയും ഈ അറിയിപ്പുകൾ കേൾക്കേണ്ടി വരിക. ഉടനെ തന്നെ കാൾ കട്ട് ചെയ്തു വീണ്ടും വിളിക്കും.അത്രയ്ക്ക് പോലും ഇതൊക്കെ കേൾക്കാൻ നമുക്ക് ക്ഷമയില്ല. കുറ്റം പറയരുതല്ലോ !!ആവർത്തന വിരസതയാകാം.
പലപ്പോഴും ട്രെയിൻ കാത്തു നിൽക്കേണ്ടി വരുമ്പോൾ എന്നെ ഈ അന്നൗൺസ്മെന്റ് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കാരണം ഒന്നുകിൽ ട്രെയിൻ പോയോ എന്നറിയാനുള്ള വ്യഗ്രതയാകാം . അല്ലെങ്കിൽ അത്യാവശ്യമായി ആരെങ്കിൽം വിളിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ ആകാം . എന്തോ എനിക്കും ദേഷ്യം വന്നിട്ടുണ്ട്. ഇതെന്താ നിങ്ങൾ ഒക്കെ ഓര്മിപ്പിച്ചിട്ടു വേണോ ഞാൻ കയ്യ് കഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും??
പറഞ്ഞു വന്നത് ഇതാണ്.ഇത്രയും കാര്യങ്ങൾ ആവർത്തിച്ചു കേട്ടിട്ടും എന്ത് കൊണ്ടാണ് ചിലരെങ്കിലും അശ്രദ്ധരായി മാറുന്നത് ?രണ്ടു ഡോസ് വാക്സിൻ എടുക്കണമെന്നും അത് കിട്ടാനായി പ്രായമായവർ മുതൽ തിക്കും തിരക്കും കൂട്ടുന്നതും നമ്മൾ എന്നും പത്രങ്ങളിൽ വായിക്കുന്നതല്ലേ ?ഒരു പക്ഷെ എന്തൊക്കെ ചെയ്താലും വരാനുള്ളതൊക്കെ വരും എന്നൊരു ചിന്തയാണോന്നു അറിയില്ല ?അതോ എന്റെ വീട്ടിലുള്ളവർക്കൊന്നും കൊറോണ വരില്ല എന്ന അഹങ്കാരം ആകുമോ ?
ഇങ്ങനെയുള്ള പല അഹങ്കാരങ്ങളും എനിക്കും ഉണ്ടായിരുന്നു.കോളേജിൽ ഉള്ള പലർക്കും കൊറോണ പിടിപെട്ടു എന്ന് കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ട്രെയിനിലും, കെ.എസ്.ആർ.ടി .സി ബസിലും ,ഓട്ടോയിലും അങ്ങനെ എല്ലാവിധ പൊതു ഗതാഗതമാര്ഗങ്ങളും ഉപയോഗിക്കുന്ന എനിക്ക് വരുന്നില്ലല്ലോ എന്ന് ?അതിലുപരി ആശ്വാസവും ഉണ്ടായിരുന്നു. ബാഗിൽ അകത്തും പുറത്തും സാനിറ്റൈസർ തൂക്കി നടക്കുന്ന എന്നെ നോക്കി ചിലരെങ്കിലും കളിയാക്കാറുണ്ട്.പക്ഷെ വയസ്സായ മാതാപിതാക്കളും കുട്ടികളും വീട്ടിൽ ഉണ്ടെന്ന ബോധം ഉള്ള ആരാണെങ്കിലും ഇങ്ങനെയൊക്കെ ആയിപ്പോകും .
എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാതെ തന്നെ എനിക്കും വീട്ടിൽ നിന്നും തന്നെ കൊറോണ എന്നെ വിരുതനെ കിട്ടി. എന്റെ മക്കൾക്ക് ഇതൊന്നും വരില്ല എന്ന അച്ഛനമ്മമാരുടെ ധാർഷ്ട്യമാണോ, അതോ എനിക്കിതൊന്നും അല്ല എന്ന സ്വന്തം ന്യായീകരണമാണോ എന്താണെന്നറിയില്ല. പനിയും ചുമയും വായിലെ രുചിമാറ്റം പോലും സംഭവിച്ചിട്ടും ടെസ്റ്റ് ചെയ്യാൻ വൈമുഖ്യം കാണിക്കുന്ന ഒരു കൂട്ടം ആളുകൾ നമുക്കിടയിലും ഉണ്ടെന്നു എനിക്കും ബോധ്യമായി. അങ്ങനെയുള്ളവർ സമൂഹത്തെ ദ്രോഹിക്കുകയല്ലേ ചെയ്യുന്നത്.?അതെ തീർച്ചയായും.
നമ്മൾ ആദ്യം സ്വന്തം സുരക്ഷ ഉറപ്പു വരുത്തണം. അതുവഴി മറ്റുള്ളവരെയും സുരക്ഷിതരാക്കാൻ നമ്മുക്ക് കഴിയണം.ഇതുവരെയും അസുഖം വരാത്തവർ കരുതലോടെ ഇരിക്കണം. കാരണം വന്നു പെട്ടവർ ഇതിനെ കുറിച്ച് പറയുമ്പോൾ ഒരു കഥ കേൾക്കുന്ന ലാഘവത്തോടെയാണ് ഞാൻ ഇരിക്കാറുള്ളത്.പക്ഷെ വന്നു പെട്ടവർക്ക് അറിയാം അതിന്റെ ഭീകരത. തലവേദനയും ശരീരവേദനയും ചുമയും പനിയും വിട്ടുമാറാത്ത ക്ഷീണവും അങ്ങനെ അങ്ങനെ നീളുന്ന ബുദ്ധിമുട്ടുകൾ .(എല്ലാവര്ക്കും ഒരുപോലെയാകണമെന്നില്ലാട്ടോ ) ഇന്നും, കഴിഞ്ഞ വര്ഷം കൊറോണ വന്നതിന്റെ ബുദ്ധിമുട്ടുകൾ സഹിക്കുന്ന എന്റെ വല്യമ്മ. വന്നു പോയാലും നമ്മൾ ഇനിയും ഇതിന്റെ തുടർവിധികൾ നേരിട്ട് ജീവിക്കേണ്ടി വരും എന്ന് സാരം.
എന്റെ പ്രിയ ഭർത്താവ് നാഴികക്ക് നാല്പതു തവണ പറയും ആവി പിടിക്കൂ . ചൂട് വെള്ളം കുടിക്കൂ എന്നൊക്കെ . കേൾക്കാതിരിന്നിട്ടില്ല ഞാൻ . പക്ഷെ നേരത്തെ പറഞ്ഞ ആ ആവർത്തനവിരസത വീണ്ടും വരും . നിനക്ക് ഞാൻ പറയുമ്പോൾ എന്താ ഈ നെഗ്ളിജൻസ് എന്ന് എപ്പോഴും പറയും. പക്ഷെ തുണ്ടയിൽ നിന്ന് പുറത്തു പോകാത്ത എന്റെ ചുമ എന്നെ ഓർമിപ്പിച്ചു അദ്ദേഹത്തിന്റെ വാക്കുകൾ. ശരിക്കും പറഞ്ഞാൽ ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ആണ് നമ്മളോട് പറഞ്ഞതും ചെയ്തതും തിരിച്ചു എന്തെല്ലാം ചെയ്തെന്നും ഓർക്കാൻ പറ്റുക.
എല്ലാറ്റിനും ഉപരി ഒറ്റപ്പെടലിന്റെ വേദനയും . 24 മണിക്കൂർ ഒരു മുറിയിൽ ഇരിക്കാൻ എന്നെ പോലെയുള്ള ആൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. പലപ്പോഴും എന്റെ ചേച്ചി തനിച്ചു ഇരിക്കാൻ ഇഷ്ടമാണെന്നു പറയുമ്പോൾ എന്നും ഞാൻ അവളെ കളിയാക്കാറുണ്ട്. അപ്പോൾ അവൾ പറയാറുള്ള ന്യായം ഇതാണ്,ഇങ്ങനെ ഒറ്റയ്ക്ക് ഇരുന്നാൽ നമുക്ക് അമേരിക്കയിലോ ജര്മനിയിലോ അങ്ങനെ ഇഷ്ടമുള്ളിടത്തൊക്കെ പോയിട്ട് വരാല്ലോ എന്നാണ്.
എന്തൊക്കെ
പറഞ്ഞാലും നിവർത്തിയില്ലാതെ എനിക്കും ഇരിക്കേണ്ടി വന്നു
. 14 ദിവസം. എന്നിൽ കൂടി ഇനി ആർക്കും
വരല്ലേ എന്ന് ചിന്തിക്കുന്നവർ തനിയെ ഇരുന്നു പോകും.
നിരന്തരമായി ഒരുപാടു പേർ അസുഖ
വിവരം അന്വേഷിച്ചറിയുന്നുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും വിദ്യാർത്ഥികളും അങ്ങനെ
ഒരുപാടു പേർ.നമ്മുടെ
വേദനയെക്കാളും അവരുടെ മനോവേദനയാണ് ഏറെ
സങ്കടപെടുത്തിയിരുന്നത്.5 വയസ്സുള്ള
മകൾക്കു എന്നും കൌണ്ട് ഡൌൺ
ആണ്. ഇനി എന്നാണ്
'അമ്മ
താഴേക്ക് വരുന്നത് എന്നറിയാൻ. അമ്മയെ
തൊടാൻ പാടില്ല എന്ന് എന്റെ
'അമ്മ പറഞ്ഞുകൊടുക്കുമ്പോൾ അവളുടെ മുഖത്തു ഉണ്ടാകുന്ന
സങ്കടം എനിക്ക് കാണാം. അപ്പോൾ
ഞാൻ ഓർക്കും നിപ്പ
വന്നു മരിച്ചവരുടെ കുടുബാംഗങ്ങളുടെ അവസ്ഥ. അതൊക്കെ നോക്കുമ്പോൾ
ഇതെല്ലം എത്ര നിസ്സാരം .
കുട്ടിക്കാലത്തു നമ്മൾ എല്ലാവരും പഠിക്കുന്ന ഒരു പാഠമുണ്ടല്ലോ. ആദ്യം വ്യക്തികൾ നന്നാവണം . അതുവഴി കുടുംബവും പിന്നീട് സമൂഹവും ഒടുവിൽ രാജ്യവും നന്നായിക്കൊള്ളും എന്ന്.അത് തന്നെയാണ് ഇവിടെ നാം ഓർക്കേണ്ടത് .ഓരോ വ്യക്തിയും ശ്രദ്ധിച്ചാൽ അതുവഴി നമ്മുടെ കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും ഈ മഹാവ്യാധിയിൽ നിന്നും രക്ഷപ്പെടുത്താം . അങ്ങനെയെങ്കിൽ ഈ കാലവും കടന്നു പോകും !!!!!
ഭവ്യ
Comments
Post a Comment